Tuesday, December 27, 2016

മകള്‍     നാട്ടിലെ എഞ്ചിനീയറിംഗ് പഠനശേഷം ബാംഗ്ലൂര്‍ എത്തി ജോലി തുടങ്ങിയ സമയം . ഞാന്‍ താമസിച്ചുകൊണ്ടിരുന്നത് ഒരു പഴയ മൂന്നുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ആണ് . ഒരു മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട് .    പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതെ ജീവിതം അതിന്റെ വഴിക്ക് ഒഴുകികൊണ്ടിരുന്നു .

      ആ ഇടയ്ക്കാണ് എന്റെ മുകളിലെ നിലയില്‍ ഒരു മലയാളി   പെണ്‍കുട്ടി  താമസത്തിന് വന്നത് . divorcee  ആണ് 30 വയസിനു മുകളില്‍ പ്രായം .  എന്‍റെ മനസ്സില്‍ അതൊരു അവസരമായി ഞാന്‍ കണ്ടു , അങ്ങോട്ട്‌ പോയി സംസാരിച്ചുതന്നെ ഞാന്‍ തുടങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ അടുത്തു .
മാനസികമായും ശാരീരികമായും .  എനിക്ക് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രം ആയിരുന്നു അവള്‍ . ചിലപ്പോ വളരെ അടുപ്പത്തോടെ സംസാരിക്കും  ചിലപ്പോ അറിയില്ലാത്ത ഭാവം നടിക്കും .  ശരീരത്തിന്‍റെ ആവശ്യം മാത്രം നിറവേറ്റി കൂടുതല്‍ ഒന്നും ചോദിക്കാതെ ഞങ്ങള്‍ കുറച്ചു നാള്‍ കഴിച്ചു.

     ആ വര്‍ഷത്തെ ക്രിസ്മസ് എനിക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ അടുത്തുകിടന്ന അവള്‍ അലസമായി എണീറ്റ് ജനലിന്റെ അരികില്‍ പോയി ദൂരേയ്ക്ക് നോക്കിനിന്നു .  പലപ്പോഴും അങ്ങനെ നില്‍ക്കാറുണ്ട് . ദുരൂഹത കൊണ്ടോ പിടിതരാതെ മാറുന്നകൊണ്ടോ  എനിക്ക് അവളോട്‌  എന്തോ ഒരു അടുപ്പം തോന്നിത്തുടങ്ങിയോ എനിക്ക് തോന്നാറുണ്ട് .

   " എന്തെ , എന്തു പറ്റി  ? "

    "ഒന്നുമ്മില്ല , ഇന്ന് ക്രിസ്മസ് അല്ലെ , നീ പള്ളിയില്‍ പോകുന്നില്ലേ "

    "പോകണം , നീ വരുന്നോ  "
 
    ഉം , അവളൊന്ന് മൂളി  ,

   "നിന്റെ കയ്യില്‍ സിഗരറ്റ് ഉണ്ടോ     ? "

    "പോക്കറ്റില്‍ കാണും , നീ വലിക്കുമോ ? "
   
    "വലിക്കുമോ എന്ന് ചോദിച്ചാ  , വലിച്ചിട്ടുണ്ട്  "  അവള്‍ ഒരു സിഗററ്റ് കത്തിച്ചു  "
  
 അവള്‍  എന്നെ എന്നും അത്ഭുത പെടുത്തും .  ഈ ഒരു ജന്മം മുഴുവന്‍ എടുത്താലും എനിക്ക് ഇവളെ മനസിലാകുമെന്ന്എനിക്ക് തോന്നുന്നില്ല , ഞാന്‍ മനസ്സില്‍ പറഞ്ഞു .

    അവള്‍ ഓരോ പുകയും ആസ്വദിച്ചു എടുക്കുന്നതായി എനിക്ക് തോന്നി  .

" നമുക്ക് ഇത് നിര്‍ത്താം "

ഞാന്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല

 "എന്തെ , എന്തുപറ്റി , ഞാന്‍ വല്ലതും  ? "

" ഇല്ല നീ അല്ല , ഞാന്‍ happy  അല്ല  , ഞാന്‍ ഒരിക്കലും ഹാപ്പി ആയിട്ടില്ല "

എന്നിലെ ആണത്തം അലിഞ്ഞു പോകുന്നപോലെ എനിക്ക് തോന്നി , ഒരു സ്ത്രീയെ സന്തോഷിപ്പിക്കാനുള്ള കഴിവെന്നിലുന്ടെന്നു ഞാന്‍ എന്നും അഹങ്കരിച്ചിരുന്നു ,  ആ അഹങ്കാരത്തിനുള്ള ഒരു പ്രഹരം ആയിരുന്നു അവളുടെ ആ തുറന്നുപറച്ചില്‍.

" ഒരിക്കലും ? "  താഴ്ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു

" 15 ആം   വയസ്സില്‍.എന്നെ എന്റെ അമ്മാവന്‍ റേപ് ചെയ്തു   16 ആം വയസ്സില്‍ ഞാന്‍ അമ്മയായി  "  പുകമറകള്‍ക്കിടയില്‍ നിന്ന് അവളുടെ തെളിഞ്ഞ ശബ്ദം ഞാന്‍ കേട്ടു  .  എന്തു പറയണമെന്ന് അറിയാതെ ഞാന്‍ താഴേയ്ക്ക് നോക്കി നിന്നു  .

" മകളാ  , എന്നെ ഒന്ന് കാണാന്‍ പോലുമവര്‍ സമ്മതിച്ചില്ല , എന്നെ മയക്കികിടത്തി അവളെ എങ്ങോട്ടോ മാറ്റി  , കൊന്നുകളഞ്ഞു കാണില്ല  " അവളുടെ ശബ്ദത്തില്‍ ഇന്നുവരെ ഞാന്‍ കാണാത്ത ഒരു മൃദു ഭാവം.

"ഈ ക്രിസ്മസ് ഇന്  അവള്‍ക്കു 20 വയസാകും .  എല്ലാ പെണ്‍കുട്ടികളിലും ഞാന്‍ അവളെ തപ്പും .  എന്‍റെ ശരീരത്തെ  ആരെങ്കിലും തൊടുമ്പോള്‍  ഞാന്‍ അറിയാതെ അവളെ പറ്റി ഓര്‍ക്കും  , എന്നും ഓര്‍ക്കും  " അവളാ സിഗരറ്റ് ജനലില്‍ കൂടെ വലിച്ചെറിഞ്ഞു . അവളുടെ മുഖത്ത് പുച്ചംനിറഞ്ഞ ഒരു ചിരി , കണ്ണുകള്‍ നിറഞ്ഞു വരൂന്നതു ഞാന്‍ കാണാതിരിക്കാന്‍ അവള്‍ മുഖം തിരിച്ചു .


 
     ഞാന്‍ ഒന്നും പറയാതെ അവളുടെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു ,

   "നീ പള്ളിയില്‍ പോകുന്നുണ്ടേല്‍ പറയണം  "

  അവളെ തിരിഞ്ഞൊന്നു നോക്കാന്‍ എനിക്ക് തോന്നിയില്ല , എവിടെയോ അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു  .

   ഇപ്പോള്‍ ഞാന്‍ അവളെ കാണാറില്ല  ,  അവള്‍ പട്ടണത്തിന്റെ തിരക്കുകളില്‍ ഓരോ കുട്ടിയിലും പരിചിതമായ ഒരു മുഖം തപ്പി  കാലത്തിന്റെ കടലില്‍ പെട്ട ഒരു കളിവഞ്ചിപോലെ  ....ആര്‍കും പിടികൊടുക്കാതെ  ആരുടേയും ആരും അല്ലാതെ .. ഇന്നും  ..


No comments:

Post a Comment