Monday, November 4, 2013

കുത്തിവരകൾ



 മൂന്ന്  വർഷം കൂടിയാണ് ഞാൻ ഇത്തവണ ക്രിസ്മസിന്  നാട്ടിൽ പോയത് . അമ്മച്ചിയും അപ്പച്ചനും ഉണ്ടായിരുന്ന പഴയ ക്രിസ്മസിന്റെ ഓർമ്മകൾ മാത്രമേ ഉള്ളു ഈ ക്രിസ്മസിന്  .  അതുകൊണ്ട് തന്നെ  ക്രിസ്മസിന് പഴയ നിറങ്ങൾ ഇല്ലാത്തതുപോലെ തോന്നി  .
                     ഓരോ ക്രിസ്മസിനും സന്താ ക്ലോസ്  വന്നു എല്ലാപേർക്കും ഓരോ സമ്മാനങ്ങൾ നൽകുമ്മെന്നൊരു  വിശ്വാസമുണ്ട് ഞങ്ങളുടെ  ഇടയിൽ .  സത്യമോ കള്ളമോ  പക്ഷേ  ഈ ക്രിസ്മസിന്  എനിക്ക് സാന്ത  ഒരു സമ്മാനം കൊണ്ടുവന്നു  .  വൃത്തിയാകുന്നതിനിടയിൽ  അറിയാതെ വന്നുപെട്ട  അമ്മച്ചി ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന  അമ്മച്ചിയുടെ  ഡയറി .
                 
                      അന്നു വരെ  ആ വീട്ടിലുള്ള  ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു  ഞങ്ങളുടെ സ്വന്തം മറിയാമ്മ ചേടത്തി ഒരു കൊച്ചു എഴുത്തുകാരി കൂടെ ആയിരുന്നു എന്ന്  . ആ ഡയറി മുഴുവൻ അവരുടെ ലോകമായിരുന്നു  , അവരുടെ സ്വപ്നങ്ങളും  , മക്കളെ പറ്റിയുള്ള വിഷമങ്ങളും  .. എല്ലാം   .. അപ്പച്ചന്  അവസാന കാലങ്ങളിൽ    മറവി രോഗമായിരുന്നു  (alzheimers)  .  അത് അമ്മച്ചിയെ വല്ലാതെ തളർത്തിയിരുന്നു  .  ഡയറി കുറിപ്പുകൾ ഒന്നൊന്നായി  ഞാൻ വായിച്ചു തീർത്തു  .  ചില താളുകൾ അമ്മച്ചി തിളങ്ങുന്ന മഷികൾ കൊണ്ടായിരുന്നു എഴുതിയിരുന്നതു  .  ആ പാലാക്കാരിയുടെ  ജീവിതത്തിലെ സന്തോഷങ്ങളുടെ ദിവസങ്ങൾ  ആ തിളങ്ങുന്ന താളുകളിൽ   പതിഞ്ഞിരുന്നു  .  വിരലിൽ എണ്ണാവുന്ന ദിനങ്ങൾ ...
                               ഞങ്ങളുടെ  ആ പഴയ ക്രിസ്മസും   അതിലൊരു താളിൽ ഉണ്ടായിരുന്നു

2006  Dec 25
------------------------------------------------------------------------------------------------------------
   
     കർത്താവേ , നീ വലിയവനാണ്‌ .  ഒരിക്കൽ പോലും നടക്കുംമെന്ന് കരുതിയതല്ല . എന്റെ എല്ലാ മക്കളും ഒന്നിച്ചൊരു ക്രിസ്മസ് .  നീ അതും  നടത്തിത്തന്നു .  ഇച്ചയാൻ  വലിയ സന്തോഷത്തിലാണ് .  വളരെ കാലം കൂടിയാണ് ആ മുഖം ഇത്രയും പ്രസന്നമായി കണ്ടത് .  ആരും അറിഞ്ഞില്ലെങ്കിലും   ഇന്നു  ഞങ്ങൾ  ആദ്യമായി കണ്ടത്തിന്റെ  വാർഷികം കൂടിയാണ് . വർഷം  53 കഴിഞ്ഞിരിക്കുന്നു .  പുറത്തു  നല്ല മഴ  . പണ്ട് എല്ലാ ക്രിസ്മസിനും എന്നെയും കൂട്ടി  ഇച്ചായൻ പാതിരകുർബാനയ്ക്കു  പോക്കുന്നതോർക്കുന്നു  ..  എന്നെ ഒരുപാട് ഇഷ്ടമായിരുന്നു .    ഓർക്കുമ്പോൾ ചിലപ്പോൾ കരച്ചിൽ വരും.
       
            ഇന്നെന്റെ   ഏറ്റവും ചെറിയ കൊച്ചു മകളെ ആദ്യമായി  കണ്ടു  .  ഓസ്ട്രലിയയിൽ  പഠിച്ചു വളർന്നതിന്റെ ഒരു  മാറ്റവും അവൾക്കില്ല . മിടുക്കിയാണ് .  അങ്ങനെ തന്നെ ഉണ്ടാവണേ  മാതാവേ .  അവൾ പഴയ കരോൾ പാട്ടുകൾ പാടിയതോക്കെയും ഇച്ചയാൻ ഏറ്റു പാടി .  എല്ലാം ഓർമ്മയുള്ളതുപോലെ .  ക്രിസ്മസ് കേക്ക് മുറിക്കാനും ഇച്ചയാൻ   വന്നു . പണ്ടത്തെതിലും  ഭംഗിയായി എല്ലാവർക്കും കൊടുത്തു  .
                                ഇച്ചയാൻ  വർഷികമൊന്നും ഒർത്തിരിപ്പില്ല . എങ്കിലും  ഞാൻ  ഇട്ടു കൊടുത്ത മോതിരം പലപ്പോഴും കൈകൊണ്ടു തടവുന്നത് ഞാൻ ശ്രദ്ധിച്ചു .  ഓർമ്മകളുടെ അടിത്തട്ടിലെങ്കിലും   ആ ദിവസം ഓർക്കുന്നുണ്ടാവുമോ  ...
                                   
                           ആരോ ഇടയ്ക്ക് ചോദിച്ചു
                     " അപ്പച്ചാ , അപ്പച്ചന്  ഞങ്ങളെ ഓർമ്മയുണ്ടോ  ? "
                    എന്തന്നില്ലാത്ത   ഒരു മൌനം  .  എന്നിട്ട്  ഇച്ചായൻ  കരയുവാൻ തുടങ്ങി ..
            " നിങ്ങൾ ആരാണ് എന്ന്  എനിക്കറിയില്ല  .  പക്ഷെ എന്റെ മക്കളായിരുന്നു  എങ്കിൽ എന്നുഞാൻ ആഗ്രഹിക്കുന്നു ."
               എനിക്കത് സഹിക്കാനായില്ല   ദൂരെ മാറി നിന്ന് കരഞ്ഞ എന്നെ നോക്കി ഇച്ചയാൻ പറഞ്ഞു
              " ഇവളെ  എനിക്ക് ഓർമ്മയില്ല . പക്ഷെ എവിടെ നോക്കിയാലും എനിക്കിവളെ കാണാം . എപ്പോഴും കൂടെ ഉണ്ടെന്നു തോന്നുന്നു   . എന്നെ ഒരുപാട്  ഇഷ്ടമാണെന്ന് തോന്നുന്നു പാവത്തിന്  "
         
            പറഞ്ഞുകൊണ്ട് ഇച്ചയാൻ അകത്തേയ്ക്ക് പോയി .  എനിക്കവിടെ നിൽക്കുവാൻ സാധിച്ചില്ല .  എന്നെ മറന്നില്ലലൊ .   അതുമതി  ഇന്നെനിക്കു സുഖമായി ഉറങ്ങാം .


2006 Dec 31
------------------------------------------------------------------------------------------------------------

ഇച്ചായൻ  പോയി  .  നല്ല ഒരു ക്രിസ്മസും കൂടി ഇച്ചയാൻ തമ്പുരാന്റെ അടുത്തേയ്ക്ക് പോയി..  ഇച്ചയനില്ലാതെ ജീവിക്കുവാൻ ബുദ്ധിമുട്ടാവുന്നു .     എത്രയും പെട്ടെന്ന് കൂടെ പോകുവാൻ സാധിച്ചിരുന്നെങ്കിൽ  ...

------------------------------------------------------------------------------------------------------------

       അടുത്ത വർഷത്തെ ഡയറിയിൽ കുറിപ്പുകളൊന്നും കണ്ടില്ല .  കുറച്ചു കുത്തിവരകൾ മാത്രം.  2 വർഷങ്ങൾക്കു ശേഷം അമ്മച്ചിയും പോയി ഇച്ചായന്റെ അടുത്തേയ്ക്ക് .  ഓർമ്മകളുടെ കുത്തിവരകൾ ഞങ്ങൾക്കായി ബാക്കിവെച്ച്

No comments:

Post a Comment