Tuesday, October 29, 2013

ജെലെബി (Jalebi )






വെജ് ...  നോണ്‍ വെജ്  ...
        ഉറക്കെ ചോദിച്ചുകൊണ്ട്  ഒരു കയ്യിൽ  വെജെറ്റബിൾ  ബിരിയാണിയും  മറ്റേതിൽ ചിക്കൻ ബിരിയാണിയും ആയി   ഞങ്ങൾ  റെയിൽവേ   സ്റ്റേഷനിൽ   അന്നു നടന്നു .  ഒരു  NGO യുടെ  ഭാഗമായി  കുറച്ചു പാവങ്ങൾക്ക്  ഭക്ഷണം കൊടുക്കുക പതിവായിരുന്നു. പതിവായി  വരാറുള്ളതിനാൽ പരിചിതമായ മുഖങ്ങൾ മാത്രം .  അതിനാൽ തന്നെ  ബിരിയാണികളുടെ എണ്ണവും കിറുകൃത്യം . പതിവാൾകാർക്കൊകെ  കൊടുത്തതിനു ശേഷവും ഒരു ചിക്കെൻ ബിരിയാണി ബാക്കിവന്നു .  അകലെ  റെയിൽവേ സ്റ്റേന്റെ പുറകിലായി ഒരു പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത്  ഞാൻ കണ്ടു .  ആ പൊതിയും കയ്യിലെടുത്ത്  ഞാൻ അവർക്ക് നേരെ നടന്നു .

                 മുഷിഞ്ഞ ഒരു സാരി ആണ്  അവർക്കുള്ളത്  .  മൂടികെട്ടിയ മുഖം  .  ചുണ്ടുകൾ വരണ്ടിരിക്കുന്നു  .  എന്നെ കണ്ടതും ഒരു വല്ലാത്ത ഭയം അവരുടെ മുഖത്തു  ഞാൻ കണ്ടു  .  ഞാൻ   കയ്യിലുണ്ടായിരുന്ന  ബിരിയാണി  അവർക്ക് നൽകി . ആ മുഖമൊന്നു തെളിഞ്ഞു  .  അവരതു വാങ്ങി തുറന്നു നോക്കി .

                                  " വെള്ളം .. മോനെ കുറച്ചു വെള്ളം കിട്ടുമോ  ?"
                അടുത്തുള്ള കടയിൽനിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവർക്ക്  നൽകി . .

                 " ഞാൻ  ഇതൊന്നും കഴിക്കുക  പതിവില്ല  "  .കഴിക്കുന്നതിനിടയിൽ  അവർ പറഞ്ഞു 
                                " അതെന്താ അമ്മേ  ? "
                                " വീട്ടിൽ പച്ചകറികൾ  മാത്രമേ പതിവുള്ളു  "
                                " അയ്യോ  .. എങ്കിൽ  ഞാൻ  .. "
                               " വേണ്ട  ..  ഇവിടെ എത്തിപ്പെട്ടത്തിൽ  പിന്നെ  ഞാൻ അതും പഠിച്ചു .  എല്ലാം ഭക്ഷണം തന്നെ . വിശപ്പു മാറേണ്ടേ  "
     
                                "  അമ്മയുടെ  വീടെവിടെയാണ്  ? "
                         ഒന്നും  മിണ്ടിയില്ല  .  കുറെ നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു 
                               " കൊട്ടാരകര  "
                               " വീട്ടിൽ ആരുമില്ലേ ? "
                               " എല്ലാരുമുണ്ട്  "
                               " പിന്നെ  എങ്ങനെ ഇവിടെയെത്തി ? "
                               " ഞാനും  എന്റെ മൂത്തമകനും  കൂടെ കോട്ടയം വന്നതാ ..
            അവനു എങ്ങനെയോ ട്രെയിൻ  മാറിപോയി  ഞാൻ ഇവിടെ തനിച്ചായി പോയി  "
          
                 അവർ  ഒന്നു നെടുവീർപെട്ടു  .. 
              പലപ്പോഴായി  വഴിതെറ്റി പോകുന്നവരെ  ഞങ്ങൾ അവരുടെ വീടുകളിൽ  കൊണ്ടുചെന്നാക്കാറുണ്ട്  .  
                           " ഞങ്ങൾ  സഹായിക്കാം  .. കൊട്ടാരകരയിൽ എവിടെ ആണ്  ? "
                           " വേണ്ട .. " ആ കണ്ണുകൾ  നനഞ്ഞു തുടങ്ങി  . 
                           " ഇനിയവൻ  ചിലപ്പോ ... "
               ആ ശബ്ദങ്ങളിൽ   അവരുടെ വേദന തുളുമ്പി നിന്നു  .
                     " അവനെ പറഞ്ഞിട്ടും കാര്യമില്ല ..  അവൻറെ സാഹചര്യമാണ്  ...  മക്കളുടെ പഠിത്തവും  എൻറെ  ചിലവുകളും കൂടെ ആയപ്പോൾ  ...
                           ഇതാണ്  നല്ലത്  .. "
                
                       വാക്കുകൾ   കിട്ടുന്നില്ല  .  ഞാൻ പിന്നിട് ഒന്നും  ചോദിച്ചില്ല .  ധൈര്യം  ഇല്ലായിരുന്നു എന്നുവേണം പറയുവാൻ  .  
                         " ഇനി  എന്തെങ്കിലും  വേണോ ? "
                         " ഒരു  ജെലബി വാങ്ങിത്തരുമോ? 
              സന്തോഷത്തോടെ  ഞാൻ  കുറച്ചു ജെലെബി വാങ്ങികൊടുത്തു  .  അവർക്ക് അതു വളരെ ഇഷ്ടമാണു എന്നു തോന്നുന്നു .  വളരെ കാലം കൂടി  കഴിക്കുന്നവരെ  പോലെ   അവർ  അതു  കഴിച്ചു .

            അന്നുതന്നെ  ഞങ്ങൾ ഒരു old age  ഹോമുമായി   ബന്ധപ്പെട്ടു .  അടുത്ത  ദിവസം  ഞങ്ങൾ അവിടെ തിരിച്ചെത്തി  .കയ്യിൽ കുറെ ജെലെബിയും കരുതിയിരുന്നു .  പക്ഷെ   അവരെ കാണാൻ പറ്റിയില്ല  .     ആർകും അറിയില്ല അവർ എവിടെ പോയി എന്ന് .  
വളരെ ദുഖത്തോടെ  ഞങ്ങൾ മടങ്ങി  .
    തിരികെ വരുമ്പോൾ   അറിയാതെയെങ്കിലും  മനസ്സിൽ ആഗ്രഹിച്ചു 
      " ആ മകൻ  ഒരുപാട്  ജെലെബികളുമായി  വന്നു   അവരെ കൂടിക്കൊണ്ടു പോയിരിക്കണേ  "



                           


                     

No comments:

Post a Comment