Tuesday, December 27, 2016

മകള്‍     നാട്ടിലെ എഞ്ചിനീയറിംഗ് പഠനശേഷം ബാംഗ്ലൂര്‍ എത്തി ജോലി തുടങ്ങിയ സമയം . ഞാന്‍ താമസിച്ചുകൊണ്ടിരുന്നത് ഒരു പഴയ മൂന്നുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ആണ് . ഒരു മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട് .    പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതെ ജീവിതം അതിന്റെ വഴിക്ക് ഒഴുകികൊണ്ടിരുന്നു .

      ആ ഇടയ്ക്കാണ് എന്റെ മുകളിലെ നിലയില്‍ ഒരു മലയാളി   പെണ്‍കുട്ടി  താമസത്തിന് വന്നത് . divorcee  ആണ് 30 വയസിനു മുകളില്‍ പ്രായം .  എന്‍റെ മനസ്സില്‍ അതൊരു അവസരമായി ഞാന്‍ കണ്ടു , അങ്ങോട്ട്‌ പോയി സംസാരിച്ചുതന്നെ ഞാന്‍ തുടങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ അടുത്തു .
മാനസികമായും ശാരീരികമായും .  എനിക്ക് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രം ആയിരുന്നു അവള്‍ . ചിലപ്പോ വളരെ അടുപ്പത്തോടെ സംസാരിക്കും  ചിലപ്പോ അറിയില്ലാത്ത ഭാവം നടിക്കും .  ശരീരത്തിന്‍റെ ആവശ്യം മാത്രം നിറവേറ്റി കൂടുതല്‍ ഒന്നും ചോദിക്കാതെ ഞങ്ങള്‍ കുറച്ചു നാള്‍ കഴിച്ചു.

     ആ വര്‍ഷത്തെ ക്രിസ്മസ് എനിക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ അടുത്തുകിടന്ന അവള്‍ അലസമായി എണീറ്റ് ജനലിന്റെ അരികില്‍ പോയി ദൂരേയ്ക്ക് നോക്കിനിന്നു .  പലപ്പോഴും അങ്ങനെ നില്‍ക്കാറുണ്ട് . ദുരൂഹത കൊണ്ടോ പിടിതരാതെ മാറുന്നകൊണ്ടോ  എനിക്ക് അവളോട്‌  എന്തോ ഒരു അടുപ്പം തോന്നിത്തുടങ്ങിയോ എനിക്ക് തോന്നാറുണ്ട് .

   " എന്തെ , എന്തു പറ്റി  ? "

    "ഒന്നുമ്മില്ല , ഇന്ന് ക്രിസ്മസ് അല്ലെ , നീ പള്ളിയില്‍ പോകുന്നില്ലേ "

    "പോകണം , നീ വരുന്നോ  "
 
    ഉം , അവളൊന്ന് മൂളി  ,

   "നിന്റെ കയ്യില്‍ സിഗരറ്റ് ഉണ്ടോ     ? "

    "പോക്കറ്റില്‍ കാണും , നീ വലിക്കുമോ ? "
   
    "വലിക്കുമോ എന്ന് ചോദിച്ചാ  , വലിച്ചിട്ടുണ്ട്  "  അവള്‍ ഒരു സിഗററ്റ് കത്തിച്ചു  "
  
 അവള്‍  എന്നെ എന്നും അത്ഭുത പെടുത്തും .  ഈ ഒരു ജന്മം മുഴുവന്‍ എടുത്താലും എനിക്ക് ഇവളെ മനസിലാകുമെന്ന്എനിക്ക് തോന്നുന്നില്ല , ഞാന്‍ മനസ്സില്‍ പറഞ്ഞു .

    അവള്‍ ഓരോ പുകയും ആസ്വദിച്ചു എടുക്കുന്നതായി എനിക്ക് തോന്നി  .

" നമുക്ക് ഇത് നിര്‍ത്താം "

ഞാന്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല

 "എന്തെ , എന്തുപറ്റി , ഞാന്‍ വല്ലതും  ? "

" ഇല്ല നീ അല്ല , ഞാന്‍ happy  അല്ല  , ഞാന്‍ ഒരിക്കലും ഹാപ്പി ആയിട്ടില്ല "

എന്നിലെ ആണത്തം അലിഞ്ഞു പോകുന്നപോലെ എനിക്ക് തോന്നി , ഒരു സ്ത്രീയെ സന്തോഷിപ്പിക്കാനുള്ള കഴിവെന്നിലുന്ടെന്നു ഞാന്‍ എന്നും അഹങ്കരിച്ചിരുന്നു ,  ആ അഹങ്കാരത്തിനുള്ള ഒരു പ്രഹരം ആയിരുന്നു അവളുടെ ആ തുറന്നുപറച്ചില്‍.

" ഒരിക്കലും ? "  താഴ്ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു

" 15 ആം   വയസ്സില്‍.എന്നെ എന്റെ അമ്മാവന്‍ റേപ് ചെയ്തു   16 ആം വയസ്സില്‍ ഞാന്‍ അമ്മയായി  "  പുകമറകള്‍ക്കിടയില്‍ നിന്ന് അവളുടെ തെളിഞ്ഞ ശബ്ദം ഞാന്‍ കേട്ടു  .  എന്തു പറയണമെന്ന് അറിയാതെ ഞാന്‍ താഴേയ്ക്ക് നോക്കി നിന്നു  .

" മകളാ  , എന്നെ ഒന്ന് കാണാന്‍ പോലുമവര്‍ സമ്മതിച്ചില്ല , എന്നെ മയക്കികിടത്തി അവളെ എങ്ങോട്ടോ മാറ്റി  , കൊന്നുകളഞ്ഞു കാണില്ല  " അവളുടെ ശബ്ദത്തില്‍ ഇന്നുവരെ ഞാന്‍ കാണാത്ത ഒരു മൃദു ഭാവം.

"ഈ ക്രിസ്മസ് ഇന്  അവള്‍ക്കു 20 വയസാകും .  എല്ലാ പെണ്‍കുട്ടികളിലും ഞാന്‍ അവളെ തപ്പും .  എന്‍റെ ശരീരത്തെ  ആരെങ്കിലും തൊടുമ്പോള്‍  ഞാന്‍ അറിയാതെ അവളെ പറ്റി ഓര്‍ക്കും  , എന്നും ഓര്‍ക്കും  " അവളാ സിഗരറ്റ് ജനലില്‍ കൂടെ വലിച്ചെറിഞ്ഞു . അവളുടെ മുഖത്ത് പുച്ചംനിറഞ്ഞ ഒരു ചിരി , കണ്ണുകള്‍ നിറഞ്ഞു വരൂന്നതു ഞാന്‍ കാണാതിരിക്കാന്‍ അവള്‍ മുഖം തിരിച്ചു .


 
     ഞാന്‍ ഒന്നും പറയാതെ അവളുടെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു ,

   "നീ പള്ളിയില്‍ പോകുന്നുണ്ടേല്‍ പറയണം  "

  അവളെ തിരിഞ്ഞൊന്നു നോക്കാന്‍ എനിക്ക് തോന്നിയില്ല , എവിടെയോ അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു  .

   ഇപ്പോള്‍ ഞാന്‍ അവളെ കാണാറില്ല  ,  അവള്‍ പട്ടണത്തിന്റെ തിരക്കുകളില്‍ ഓരോ കുട്ടിയിലും പരിചിതമായ ഒരു മുഖം തപ്പി  കാലത്തിന്റെ കടലില്‍ പെട്ട ഒരു കളിവഞ്ചിപോലെ  ....ആര്‍കും പിടികൊടുക്കാതെ  ആരുടേയും ആരും അല്ലാതെ .. ഇന്നും  ..


Monday, February 24, 2014

ഹൈവേ ( ഹിന്ദി ) റിവ്യൂ

                                ഈ അടുത്തകാലത്ത്‌ കണ്ട ഹിന്ദി സിനിമകളിൽ എനിക്ക് വളരെ ഇഷ്ടപെട്ട ഒന്നാണ് ഹൈവേ . കിട്നാപ്‌ ചെയ്യപെടുന്ന ഒരു ഡൽഹി പെണ്‍കുട്ടിയുടെ കഥപറയുന്ന സിനിമയിൽ രന്ദീപ് ഹൂടയുടെ അഭിനയവും ഇംതിയാസ് അലിയുടെ സംവിധാന മികവും എടുത്തു പറയേണ്ട കാര്യങ്ങളാണ് .
പണക്കാരനായ അച്ഛന്റെ മകളായി അഭിനയിക്കുന്ന അലിയ ഭട്ട് പ്രതീക്ഷിച്ചതിലും നല്ലതായി അഭിനയിച്ചു എന്നുവേണം വിലയിരുത്താൻ . ജീവിതത്തിന്റെ പ്രശ്നങ്ങൾ പുറത്തു പറയാൻ ധൈര്യം ഇല്ലാതിരുന്ന ഒരു കുട്ടിയുടെ ജീവിതം മാറ്റിമറിക്കുന്ന അനുഭവങ്ങളിലൂടെ ഉള്ള ഒരു യാത്രയാണ് ഹൈവേ . തന്റെ വീട്ടിലുല്ലതിനെക്കൽ സ്വാതന്ത്യ്രം , സുരക്ഷിതത്വം എന്നിവ തന്നെ തട്ടികൊണ്ടുപോകുന്നവരിൽ കാണുകയും അത് അവളുടെ ജീവിതത്തിനോടുള്ള കാഴ്ചപാടുകൾ മാറ്റിമറിക്കുകയും ചെയ്യുന്നു. ഹിമാചൽ , ഷിംല , വ്യാസ് നദി എന്നിങ്ങനെ ഈ സിനിമയുടെ ഓരോ സീനും വളരെ മനോഹരമാണ് . എ ആർ റഹ്മാന്റെ സംഗീതവും ഫോക് ഗാനങ്ങളും ചിത്രത്തിനെ വേറിട്ട്‌ നിറുത്തുന്നു . തനി നാടൻ ബോളിവുഡ് ശൈലികളിൽ നിന്നുമാറി വളരെ റെയലിസ്റ്റിക്ക് ആയ ഒരു സിനിമ അനുഭവം പ്രതീക്ഷിക്കാം 
- 3.5 /5 

Monday, November 4, 2013

കുത്തിവരകൾ മൂന്ന്  വർഷം കൂടിയാണ് ഞാൻ ഇത്തവണ ക്രിസ്മസിന്  നാട്ടിൽ പോയത് . അമ്മച്ചിയും അപ്പച്ചനും ഉണ്ടായിരുന്ന പഴയ ക്രിസ്മസിന്റെ ഓർമ്മകൾ മാത്രമേ ഉള്ളു ഈ ക്രിസ്മസിന്  .  അതുകൊണ്ട് തന്നെ  ക്രിസ്മസിന് പഴയ നിറങ്ങൾ ഇല്ലാത്തതുപോലെ തോന്നി  .
                     ഓരോ ക്രിസ്മസിനും സന്താ ക്ലോസ്  വന്നു എല്ലാപേർക്കും ഓരോ സമ്മാനങ്ങൾ നൽകുമ്മെന്നൊരു  വിശ്വാസമുണ്ട് ഞങ്ങളുടെ  ഇടയിൽ .  സത്യമോ കള്ളമോ  പക്ഷേ  ഈ ക്രിസ്മസിന്  എനിക്ക് സാന്ത  ഒരു സമ്മാനം കൊണ്ടുവന്നു  .  വൃത്തിയാകുന്നതിനിടയിൽ  അറിയാതെ വന്നുപെട്ട  അമ്മച്ചി ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന  അമ്മച്ചിയുടെ  ഡയറി .
                 
                      അന്നു വരെ  ആ വീട്ടിലുള്ള  ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു  ഞങ്ങളുടെ സ്വന്തം മറിയാമ്മ ചേടത്തി ഒരു കൊച്ചു എഴുത്തുകാരി കൂടെ ആയിരുന്നു എന്ന്  . ആ ഡയറി മുഴുവൻ അവരുടെ ലോകമായിരുന്നു  , അവരുടെ സ്വപ്നങ്ങളും  , മക്കളെ പറ്റിയുള്ള വിഷമങ്ങളും  .. എല്ലാം   .. അപ്പച്ചന്  അവസാന കാലങ്ങളിൽ    മറവി രോഗമായിരുന്നു  (alzheimers)  .  അത് അമ്മച്ചിയെ വല്ലാതെ തളർത്തിയിരുന്നു  .  ഡയറി കുറിപ്പുകൾ ഒന്നൊന്നായി  ഞാൻ വായിച്ചു തീർത്തു  .  ചില താളുകൾ അമ്മച്ചി തിളങ്ങുന്ന മഷികൾ കൊണ്ടായിരുന്നു എഴുതിയിരുന്നതു  .  ആ പാലാക്കാരിയുടെ  ജീവിതത്തിലെ സന്തോഷങ്ങളുടെ ദിവസങ്ങൾ  ആ തിളങ്ങുന്ന താളുകളിൽ   പതിഞ്ഞിരുന്നു  .  വിരലിൽ എണ്ണാവുന്ന ദിനങ്ങൾ ...
                               ഞങ്ങളുടെ  ആ പഴയ ക്രിസ്മസും   അതിലൊരു താളിൽ ഉണ്ടായിരുന്നു

2006  Dec 25
------------------------------------------------------------------------------------------------------------
   
     കർത്താവേ , നീ വലിയവനാണ്‌ .  ഒരിക്കൽ പോലും നടക്കുംമെന്ന് കരുതിയതല്ല . എന്റെ എല്ലാ മക്കളും ഒന്നിച്ചൊരു ക്രിസ്മസ് .  നീ അതും  നടത്തിത്തന്നു .  ഇച്ചയാൻ  വലിയ സന്തോഷത്തിലാണ് .  വളരെ കാലം കൂടിയാണ് ആ മുഖം ഇത്രയും പ്രസന്നമായി കണ്ടത് .  ആരും അറിഞ്ഞില്ലെങ്കിലും   ഇന്നു  ഞങ്ങൾ  ആദ്യമായി കണ്ടത്തിന്റെ  വാർഷികം കൂടിയാണ് . വർഷം  53 കഴിഞ്ഞിരിക്കുന്നു .  പുറത്തു  നല്ല മഴ  . പണ്ട് എല്ലാ ക്രിസ്മസിനും എന്നെയും കൂട്ടി  ഇച്ചായൻ പാതിരകുർബാനയ്ക്കു  പോക്കുന്നതോർക്കുന്നു  ..  എന്നെ ഒരുപാട് ഇഷ്ടമായിരുന്നു .    ഓർക്കുമ്പോൾ ചിലപ്പോൾ കരച്ചിൽ വരും.
       
            ഇന്നെന്റെ   ഏറ്റവും ചെറിയ കൊച്ചു മകളെ ആദ്യമായി  കണ്ടു  .  ഓസ്ട്രലിയയിൽ  പഠിച്ചു വളർന്നതിന്റെ ഒരു  മാറ്റവും അവൾക്കില്ല . മിടുക്കിയാണ് .  അങ്ങനെ തന്നെ ഉണ്ടാവണേ  മാതാവേ .  അവൾ പഴയ കരോൾ പാട്ടുകൾ പാടിയതോക്കെയും ഇച്ചയാൻ ഏറ്റു പാടി .  എല്ലാം ഓർമ്മയുള്ളതുപോലെ .  ക്രിസ്മസ് കേക്ക് മുറിക്കാനും ഇച്ചയാൻ   വന്നു . പണ്ടത്തെതിലും  ഭംഗിയായി എല്ലാവർക്കും കൊടുത്തു  .
                                ഇച്ചയാൻ  വർഷികമൊന്നും ഒർത്തിരിപ്പില്ല . എങ്കിലും  ഞാൻ  ഇട്ടു കൊടുത്ത മോതിരം പലപ്പോഴും കൈകൊണ്ടു തടവുന്നത് ഞാൻ ശ്രദ്ധിച്ചു .  ഓർമ്മകളുടെ അടിത്തട്ടിലെങ്കിലും   ആ ദിവസം ഓർക്കുന്നുണ്ടാവുമോ  ...
                                   
                           ആരോ ഇടയ്ക്ക് ചോദിച്ചു
                     " അപ്പച്ചാ , അപ്പച്ചന്  ഞങ്ങളെ ഓർമ്മയുണ്ടോ  ? "
                    എന്തന്നില്ലാത്ത   ഒരു മൌനം  .  എന്നിട്ട്  ഇച്ചായൻ  കരയുവാൻ തുടങ്ങി ..
            " നിങ്ങൾ ആരാണ് എന്ന്  എനിക്കറിയില്ല  .  പക്ഷെ എന്റെ മക്കളായിരുന്നു  എങ്കിൽ എന്നുഞാൻ ആഗ്രഹിക്കുന്നു ."
               എനിക്കത് സഹിക്കാനായില്ല   ദൂരെ മാറി നിന്ന് കരഞ്ഞ എന്നെ നോക്കി ഇച്ചയാൻ പറഞ്ഞു
              " ഇവളെ  എനിക്ക് ഓർമ്മയില്ല . പക്ഷെ എവിടെ നോക്കിയാലും എനിക്കിവളെ കാണാം . എപ്പോഴും കൂടെ ഉണ്ടെന്നു തോന്നുന്നു   . എന്നെ ഒരുപാട്  ഇഷ്ടമാണെന്ന് തോന്നുന്നു പാവത്തിന്  "
         
            പറഞ്ഞുകൊണ്ട് ഇച്ചയാൻ അകത്തേയ്ക്ക് പോയി .  എനിക്കവിടെ നിൽക്കുവാൻ സാധിച്ചില്ല .  എന്നെ മറന്നില്ലലൊ .   അതുമതി  ഇന്നെനിക്കു സുഖമായി ഉറങ്ങാം .


2006 Dec 31
------------------------------------------------------------------------------------------------------------

ഇച്ചായൻ  പോയി  .  നല്ല ഒരു ക്രിസ്മസും കൂടി ഇച്ചയാൻ തമ്പുരാന്റെ അടുത്തേയ്ക്ക് പോയി..  ഇച്ചയനില്ലാതെ ജീവിക്കുവാൻ ബുദ്ധിമുട്ടാവുന്നു .     എത്രയും പെട്ടെന്ന് കൂടെ പോകുവാൻ സാധിച്ചിരുന്നെങ്കിൽ  ...

------------------------------------------------------------------------------------------------------------

       അടുത്ത വർഷത്തെ ഡയറിയിൽ കുറിപ്പുകളൊന്നും കണ്ടില്ല .  കുറച്ചു കുത്തിവരകൾ മാത്രം.  2 വർഷങ്ങൾക്കു ശേഷം അമ്മച്ചിയും പോയി ഇച്ചായന്റെ അടുത്തേയ്ക്ക് .  ഓർമ്മകളുടെ കുത്തിവരകൾ ഞങ്ങൾക്കായി ബാക്കിവെച്ച്

Tuesday, October 29, 2013

പുതിയ ആകാശവും പുതിയ ഭൂമിയും
                           വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് . അവൾ  സ്വയം വിശ്വസിപ്പിച്ചു . വിവാഹത്തിൻറെ  കോലാഹലങ്ങൾ കേട്ടടങ്ങിയിട്ട്  ഇപ്പോൾ 6  - 7  മാസത്തോളം ആയിരിക്കുന്നു . എന്തുകൊണ്ടെന്നറിയില്ല  അയാളുമായി  ജീവിക്കുന്ന ഓരോ നിമിഷവും വീർപ്പുമുട്ടലുകളാണ് .    അത് എൻറെ കുഴപ്പമാണ് . എനിക്കയാളെ സ്നേഹിക്കാൻ കഴിയുന്നില്ല  . എന്റെ സങ്കല്പ്പങ്ങളിലെ ഒരു ഭർത്താവല്ല ഡെന്നിസ് . ഒരുപാട് ഉത്തരവാദിത്തങ്ങളും പ്രാരാബ്ധങ്ങളും ഉള്ള ഒരു സാധാരണകാരൻ .  ഒരു  നല്ല മനസ്സിൻറെ ഉടമയാണ് അദ്ദേഹം .  എൻറെ  പഴയ പ്രണയവും   അറിഞ്ഞുവച്ചു തന്നെ എന്നെ സ്വീകരികാൻ തയാറായി . പൂർണമായി  സ്നേഹിക്കുന്നവരെയും  തൊടില്ല  എന്നും .
                                               ഞാൻ കരുതി  എല്ലാം ശരിയാകും എന്ന്  .  ഇന്നല്ലെങ്കിൽ നാളെ  ഞാൻ സ്നേഹിച്ചുതുടങ്ങും എന്നും  .  ദിവസങ്ങൾ  മാസങ്ങളായി . തിരക്കിട്ട ജീവിതങ്ങൾക്കിടയിൽ  ഞങ്ങൾ സംസരിക്കാതായി  .  പിന്നെഒരിക്കൽ  ഒരു  സംശയം  ഒരിക്കലും  സാധിചിലെങ്കിലോ .    എന്റെ ജീവിതത്തെ പറ്റി എനിക്ക് ഒരിക്കലും ആവലാദി ഇല്ല .  ഒരുപാട് പ്രതീക്ഷകളുമായി ജീവിതത്തിലേയ്ക്ക് വന്നയാളാണ് ഡെന്നിസ് .  ഞാൻ  അയാളുടെ ജീവിതവും നശിപിക്കുകയല്ലേ എന്നോരുതോന്നാൽ  .    ഇപ്പോൾ ഒരു സമാധാനം  . തിരികെ എന്റെ വീട്ടിലേയ്ക്ക്  ഞാൻ വന്നു.   ഇവിടെ  എനിക്ക് എന്നോടു തന്നെ  നീതിപുലർത്താമല്ലോ  .
                                ഫോണിൽ  ഒരു  SMS .
                             " അഡ്വാൻസ്‌  പിറന്നാളാശംസകൾ "
                     അവൾ സ്വയം ചിരിച്ചു . അതെ  ഒക്ടോബർ 25 . നാളെ   .  ഓർത്തിരിക്കാനോ  ഓർമ്മപ്പെടുത്താണോ  ആഘോഷിക്കണോ  ആരുമില്ലാത്ത ആദ്യത്തെ പിറന്നാൾ .  അവൾ  ഫോണ്‍ തിരികെവെച്ചു   ഉറക്കം  വരുംമെന്ന് പ്രതീക്ഷിച്ചു   കണ്ണടച്ചു .
                          ഉറക്കം കണ്ണുകളെ   തൊട്ടതെയുള്ളു   . പെട്ടെന്നൊരു ഫോണ്‍ കോൾ  .
                         " ഹലോ , മീരയല്ലേ  ? "
                         " ഡെന്നിസിനു  ഒരു അക്സിടെനറ്റ്  .."
                       മനസ്സിൽ ഒരു മിന്നൽ  .  ഫോണ്‍ ശബ്ദം തുടർന്നു
                         " ഹലോ , പേടിക്കാനൊന്നുമില്ല  ..  Sacred hearts  ഹോസ്പിറ്റലിലാണ്  . "
                         ഫോണ്‍ ശബ്ദം  നിലച്ചു  . എന്തുപറ്റിയെന്നൊ   ആരാണ് എന്നോ ചോദിച്ചില്ല   . മനസ്സിൽ  പെട്ടെന്നൊരു വിങ്ങൽ  .  എന്തോ നഷ്ടപെടുന്നപോലെ  .   ആരെയും  വിളിക്കാനോ  ചോദിക്കാനോ ഉള്ള   ധൈര്യം വന്നില്ല  .  അവൾ  തനിയെ   വണ്ടിയുമെടുത്ത്  ആശുപത്രിയിലേയ്ക്ക്  ചെന്നു .  
                          ഉള്ളിലെ കുറ്റബോധം അവളുടെ കാലുകളെ തളർത്തുന്നതായി അവൾക്കു തോന്നി .
      "    എന്തിനാണ് ഇപ്പോൾ വന്നത്  .
           നിന്റെ ആരുമല്ല അയാൾ എന്നല്ലേ നീ മനസിനെ പറഞ്ഞു പഠിപ്പിച്ചത്  ? "
           
                     അവൾ തോറ്റുപോയോ എന്നൊരു തോന്നൽ  .   ഐ സി യുവിൽ   ഡെന്നിസിന്റെ   സുഹൃത്തുക്കൾ .
                      " പേടിക്കാനൊന്നുമില്ല   Internal injury  ഉണ്ടോ എന്ന് ഡോക്ടർ  പരിശോദിക്കുകയാണ് .  "
                    കണ്ണാടി  ചില്ലിൽ കൂടി അവൾ അയാളെ നോക്കി  . കവിൾത്തടങ്ങൾ  നനയുന്നത് അവളറിഞ്ഞു  .   മനസ്‌ കടലുപോലിരംബിയ കുറച്ചു നിമിഷങ്ങൾ  .ഡെന്നിസിനെ എനിക്കിത്ര ഇഷ്ടമാണോ  . അവൾ സ്വയമറിയാതെ നോക്കിനിന്നു .
                       കുറച്ചു  സമയം കഴിഞ്ഞപ്പോൾ   ഡോക്ടർ പുറത്തുവന്നു
                 
                              " പേടിക്കാനൊന്നുമില്ല  ഹി ഈസ്‌ ഓൾ റൈറ്റ്  "
                   
                     അവൾ  അകത്തേയ്ക്ക് ചെന്നു  . മനസ്സിൽ സമാധാനവും   സന്തോഷവും കലർന്ന വികാരം.  കയ്യിലും കാലിലും  കെട്ടുകളുമായി  അയാളവളെ നോക്കി ചിരിച്ചു .
ആ ചിരിക്ക് എന്തെന്നില്ലാത്ത ഒരു ഭംഗി ... അവൾ മനസിലോർത്തു   .
                               ഡെന്നിസ്   അയാളുടെ  ബാഗിന്  നേരെ  വിരൽ ചൂണ്ടി  .  ബാഗിനുള്ളിൽ ഒരു ചെറിയ പെട്ടി   .  കുതിർന്ന ഒരു കുറിപ്പും    .

           " സ്നേഹിച്ചിട്ടില്ല  ഇന്നെവരയും  ..
             സ്നേഹിക്കാനും  അറിയില്ല  ....
            എങ്കിലും  എനിക്ക് തോന്നുന്നു  ..
            ഞാൻ മീരയെ സ്നേഹിച്ചു തുടങ്ങുന്നുയെന്ന്
            Happy Birthday   ..  "

               അവൾക്കു സ്വയം തടഞ്ഞു നിറുത്തുവാനായില്ല  .  അവളോടിചെന്നു അയാളുടെ നെഞ്ചിലേയ്ക്ക് തലചായ്ച്ചിരിന്നു ,  അന്നാദ്യമായി   .
            അവളുടെ കണ്ണുനീർ  അയാളുടെ വേദനകൾ കുറയ്ക്കുന്നതുപോലെ തോന്നി.
ആ മുറിയുടെ നിശബ്ദതയിൽ   അവൾ വളരെ പതുക്കെ പറഞ്ഞു
             " ഞാനും ..  "

                                    

ജെലെബി (Jalebi )


വെജ് ...  നോണ്‍ വെജ്  ...
        ഉറക്കെ ചോദിച്ചുകൊണ്ട്  ഒരു കയ്യിൽ  വെജെറ്റബിൾ  ബിരിയാണിയും  മറ്റേതിൽ ചിക്കൻ ബിരിയാണിയും ആയി   ഞങ്ങൾ  റെയിൽവേ   സ്റ്റേഷനിൽ   അന്നു നടന്നു .  ഒരു  NGO യുടെ  ഭാഗമായി  കുറച്ചു പാവങ്ങൾക്ക്  ഭക്ഷണം കൊടുക്കുക പതിവായിരുന്നു. പതിവായി  വരാറുള്ളതിനാൽ പരിചിതമായ മുഖങ്ങൾ മാത്രം .  അതിനാൽ തന്നെ  ബിരിയാണികളുടെ എണ്ണവും കിറുകൃത്യം . പതിവാൾകാർക്കൊകെ  കൊടുത്തതിനു ശേഷവും ഒരു ചിക്കെൻ ബിരിയാണി ബാക്കിവന്നു .  അകലെ  റെയിൽവേ സ്റ്റേന്റെ പുറകിലായി ഒരു പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത്  ഞാൻ കണ്ടു .  ആ പൊതിയും കയ്യിലെടുത്ത്  ഞാൻ അവർക്ക് നേരെ നടന്നു .

                 മുഷിഞ്ഞ ഒരു സാരി ആണ്  അവർക്കുള്ളത്  .  മൂടികെട്ടിയ മുഖം  .  ചുണ്ടുകൾ വരണ്ടിരിക്കുന്നു  .  എന്നെ കണ്ടതും ഒരു വല്ലാത്ത ഭയം അവരുടെ മുഖത്തു  ഞാൻ കണ്ടു  .  ഞാൻ   കയ്യിലുണ്ടായിരുന്ന  ബിരിയാണി  അവർക്ക് നൽകി . ആ മുഖമൊന്നു തെളിഞ്ഞു  .  അവരതു വാങ്ങി തുറന്നു നോക്കി .

                                  " വെള്ളം .. മോനെ കുറച്ചു വെള്ളം കിട്ടുമോ  ?"
                അടുത്തുള്ള കടയിൽനിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവർക്ക്  നൽകി . .

                 " ഞാൻ  ഇതൊന്നും കഴിക്കുക  പതിവില്ല  "  .കഴിക്കുന്നതിനിടയിൽ  അവർ പറഞ്ഞു 
                                " അതെന്താ അമ്മേ  ? "
                                " വീട്ടിൽ പച്ചകറികൾ  മാത്രമേ പതിവുള്ളു  "
                                " അയ്യോ  .. എങ്കിൽ  ഞാൻ  .. "
                               " വേണ്ട  ..  ഇവിടെ എത്തിപ്പെട്ടത്തിൽ  പിന്നെ  ഞാൻ അതും പഠിച്ചു .  എല്ലാം ഭക്ഷണം തന്നെ . വിശപ്പു മാറേണ്ടേ  "
     
                                "  അമ്മയുടെ  വീടെവിടെയാണ്  ? "
                         ഒന്നും  മിണ്ടിയില്ല  .  കുറെ നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു 
                               " കൊട്ടാരകര  "
                               " വീട്ടിൽ ആരുമില്ലേ ? "
                               " എല്ലാരുമുണ്ട്  "
                               " പിന്നെ  എങ്ങനെ ഇവിടെയെത്തി ? "
                               " ഞാനും  എന്റെ മൂത്തമകനും  കൂടെ കോട്ടയം വന്നതാ ..
            അവനു എങ്ങനെയോ ട്രെയിൻ  മാറിപോയി  ഞാൻ ഇവിടെ തനിച്ചായി പോയി  "
          
                 അവർ  ഒന്നു നെടുവീർപെട്ടു  .. 
              പലപ്പോഴായി  വഴിതെറ്റി പോകുന്നവരെ  ഞങ്ങൾ അവരുടെ വീടുകളിൽ  കൊണ്ടുചെന്നാക്കാറുണ്ട്  .  
                           " ഞങ്ങൾ  സഹായിക്കാം  .. കൊട്ടാരകരയിൽ എവിടെ ആണ്  ? "
                           " വേണ്ട .. " ആ കണ്ണുകൾ  നനഞ്ഞു തുടങ്ങി  . 
                           " ഇനിയവൻ  ചിലപ്പോ ... "
               ആ ശബ്ദങ്ങളിൽ   അവരുടെ വേദന തുളുമ്പി നിന്നു  .
                     " അവനെ പറഞ്ഞിട്ടും കാര്യമില്ല ..  അവൻറെ സാഹചര്യമാണ്  ...  മക്കളുടെ പഠിത്തവും  എൻറെ  ചിലവുകളും കൂടെ ആയപ്പോൾ  ...
                           ഇതാണ്  നല്ലത്  .. "
                
                       വാക്കുകൾ   കിട്ടുന്നില്ല  .  ഞാൻ പിന്നിട് ഒന്നും  ചോദിച്ചില്ല .  ധൈര്യം  ഇല്ലായിരുന്നു എന്നുവേണം പറയുവാൻ  .  
                         " ഇനി  എന്തെങ്കിലും  വേണോ ? "
                         " ഒരു  ജെലബി വാങ്ങിത്തരുമോ? 
              സന്തോഷത്തോടെ  ഞാൻ  കുറച്ചു ജെലെബി വാങ്ങികൊടുത്തു  .  അവർക്ക് അതു വളരെ ഇഷ്ടമാണു എന്നു തോന്നുന്നു .  വളരെ കാലം കൂടി  കഴിക്കുന്നവരെ  പോലെ   അവർ  അതു  കഴിച്ചു .

            അന്നുതന്നെ  ഞങ്ങൾ ഒരു old age  ഹോമുമായി   ബന്ധപ്പെട്ടു .  അടുത്ത  ദിവസം  ഞങ്ങൾ അവിടെ തിരിച്ചെത്തി  .കയ്യിൽ കുറെ ജെലെബിയും കരുതിയിരുന്നു .  പക്ഷെ   അവരെ കാണാൻ പറ്റിയില്ല  .     ആർകും അറിയില്ല അവർ എവിടെ പോയി എന്ന് .  
വളരെ ദുഖത്തോടെ  ഞങ്ങൾ മടങ്ങി  .
    തിരികെ വരുമ്പോൾ   അറിയാതെയെങ്കിലും  മനസ്സിൽ ആഗ്രഹിച്ചു 
      " ആ മകൻ  ഒരുപാട്  ജെലെബികളുമായി  വന്നു   അവരെ കൂടിക്കൊണ്ടു പോയിരിക്കണേ  "                           


                     

Wednesday, October 9, 2013

സൈലെൻസ് പ്ലീസ്ഴ പെയ്തൊഴിഞ്ഞു നിന്ന ഹൈടെരബാദിലെ  സുന്ദരമായ ഒരു സന്ധ്യ . ഞാൻ അന്നൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് .  . അടച്ചിട്ട  എ സി റൂമുകളും , പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത ജോലിതിരക്കുകളും ശീലമായിരുന്ന കാലം . ഒരു പകലിന്റെ യുദ്ധം കഴിഞ്ഞു വീടിലെത്തുവാനായി  ഞാനൊരു ഷെയർ ഓട്ടോയിൽ കയറി .
               വളരെ തിരക്കേറിയ ഒരു നഗരമാണ് ഹൈദരാബാദ് . പലപ്പോഴും സാദാരണ കാരുടെ  ആശ്രയമാണ് ഷെയർ ഓട്ടോകൾ . അധികം താമസിക്കാതെ തന്നെ  എന്റെ ഓട്ടോയിൽ 2 പേർ കൂടെ കയറി . വളരെ സുമുഖനായ ഒരു ചെറുപ്പകാരനും ഒരു പ്രായമായ സ്ത്രീയും  . അവർ കുളിച്ചിട്ടു തന്നെ വർഷങ്ങളായി എന്നു തോന്നിപോകും . ഷെയർ ഓട്ടോകളിൽ ഇതൊരു പുത്തരിയല്ല . ഒന്നും മിണ്ടാതെ  പാതി മൂക്കുമടച്ചു  ഞങ്ങൾ യാത്ര തുടങ്ങി .
            പാതി മനസ് ഇപ്പോഴും ഓഫീസിൽ തന്നെ. ഷെയർ ഓട്ടോകളിലെ പതിവാണ് തെലുഗ് പാട്ടുകൾ . സത്യം പറഞ്ഞാൽ അതു കേൾക്കുമ്പോൾ ജാസി ഗിഫ്റ്റിനെ ഓർമ വരും. ആ പാട്ടുകളിൽ മുഴുകി വഴിവിളക്കുകളുടെ സൌന്ദര്യങ്ങൾ  ആസ്വദിച്ചു  ഞങ്ങൾ കുറെ ദൂരം പിന്നിട്ടു.
      ഒരു 2 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു . ഓട്ടോ പതിയ നിറുത്തി .പ്രായമുള്ള സ്ത്രീയ്ക്ക് ഇറങ്ങേണം . കയ്യിലുള്ള  സഞ്ചിയുമായി അവർ പുറത്തിറങ്ങി .

   ഓട്ടോ  ഡ്രൈവർ  : " ദസ്  രുപയാ "
   അവർ 6  രൂപയാണ് പ്രതീക്ഷി ച്ചത്   എന്ന് തോന്നുന്നു..
   കയ്യിലുള്ളത്   5 ഇന്റെ  മുഷിഞ്ഞ നോട്ടും    ഒരു 1 രൂപയുമാണ്  .

  ശരിക്കും പറഞ്ഞാൽ  6 രൂപയാണ് . എന്നാൽ  ഞങ്ങൾ  ഐ ടി കാർക്ക്  4 രൂപയ്ക്ക്  വിലയില്ലല്ലോ .     പറഞ്ഞു ജയിക്കാനുള്ള പ്രായമല്ല അവരുടേത്  . കയ്യിലുള്ള സഞ്ചിയിൽ നിന്നും  അവർ നുള്ളിപെറുക്കുവാൻ  തുടങ്ങി. താമസിക്കുന്നതിലുള്ള രോഷം  ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു .  അവരുടെ കയ്യിൽ 3 രൂപയേ കണ്ടോള്ളൂ .   കലിപൂണ്ട ഡ്രൈവർ അവരോടു തട്ടികയറുവാൻ തുടങ്ങി.
               ഇടപെടണമെന്ന് മനസു പറഞ്ഞെങ്കിലും ഞാൻ എന്റെ ലോകത്തിൽ സന്തുഷടനായിരുന്നു .
     വെറുതെ എന്തിനാണ് !
     അവരുടെ പ്രശ്നമല്ലേ  !
    പൈസ ഇല്ലെങ്കിൽ വീട്ടിലിരുന്നാൽ പോരെ !
    ഞാൻ എന്റെ  പുതിയ android ഫോണിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
  പെട്ടെന്ന് എന്റെ കൂടെ ഉണ്ടായിരുന്ന  പയ്യൻ ഓട്ടോയിൽ നിന്നിറങ്ങി  .
  ആരും ഒന്നും മിണ്ടിയില്ല. നിശബ്ദമായ കുറച്ചു നിമിഷങ്ങൾ .. അവനൊരു ഊമയായിരുന്നു  .
  അവൻറെ കണ്ണിലെ ദേഷ്യവും  ആങ്ങ്യങ്ങളിലെ  വേഗതയും !
  ഡ്രൈവർക്ക് കാര്യം മനസിലായി  .
ആ 3  രൂപയും തിരികെ കൊടുത്തു  ഞാനും ഓട്ടോ ഡ്രൈവറും യാത്ര തുടർന്നപ്പോൾ  റിയർ മിററിൽ  അയാൾ ആ സ്ത്രീയെ  കൈ  പിടിച്ചു റോഡ്‌ മുറിക്കുവാൻ സഹായിക്കുന്നത് ഞാൻ  നോക്കിയിരുന്നു.

Friday, September 27, 2013

തിരിഞ്ഞുനോട്ടംതിരിഞ്ഞുനടക്കാൻ തോന്നുന്നു.
വന്ന വഴികളൊക്കെയും തിരിഞ്ഞുനടക്കുവാൻ തോന്നിതുടങ്ങിയിരിക്കുന്നു .
ഞാൻ ഒരിക്കലും ഞാനായിരുന്നില്ല ...  മറ്റാർക്കോ വേണ്ടി  നടന്നു തളർന്നു തുടങ്ങിയിരിക്കുന്നു..
എന്നുള്ളിലെ എന്നെ ഞാൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു ...
എന്തിനൊക്കെയോ വേണ്ടിയുള്ള ദാഹം അടക്കാൻ കഴിയാതയിരിക്കുന്നു ....
പിന്നിട്ട കാലങ്ങളിലെവിടെയോ ഞാൻ എടുക്കതെപോയ എന്റെ വഴികളിലേയ്ക്ക് ഒന്നു പോയിനോക്കണം ...
എന്റെ ആത്മാവ് അവിടെ ഉറങ്ങുന്നു എന്നോരുതോന്നാൽ ......
ഒരുപക്ഷെ എന്റെ വിഡ്ഢി ത്തരങ്ങൾ   ആവാം  ....
എങ്കിലും ഒരുപക്ഷെ ഞാൻ വരുന്നതും കാത്തു ആവഴികളിൽ  ആരെങ്കിലും നില്പുണ്ടെങ്കിൽ ?? ...
ഒരു പക്ഷെ   ആ വഴികൾ  എനിക്കായി  മാത്രമുള്ള താണെങ്കിൽ  ....
എന്റെ  നീലകാശങ്ങളും  പച്ചകടലുകളും തേടി ......